നിമിഷപ്രിയയുടെ മോചനം, ശ്രമങ്ങൾ അന്തിമഘട്ടത്തിലേക്ക്

0
286

തിരുവനന്തപുരം: വ്യാജഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമൻ ജയിലിൽ കഴിയുന്ന മലയാളി യുവതി നിമിഷ പ്രിയയെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ അവസാന ഘട്ടത്തിലേക്ക്. നിമിഷയുടെ വധശിക്ഷ ഇളവു ചെയ്യാൻ യെമൻ ഗോത്ര നേതാക്കൾ അനുവദിക്കുമെന്നാണ് സൂചന. യുവതിയുടെ ജയിൽ മോചന ശ്രമങ്ങൾക്കായി രൂപീകരിച്ച ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിലാണ് നീക്കം. അതിനിടെ നിമിഷ പ്രിയയെ ഇന്ത്യൻ വിദേശകാര്യ പ്രതിനിധികൾ കണ്ട് ചർച്ച നടത്തി. കൊല്ലപ്പെട്ട വ്യക്തിയുടെ കുടുംബത്തിന് മോചനദ്രവ്യം നൽകി നിമിഷയെ മോചിപ്പിക്കാനാണ് നീക്കം.

നിമിഷയുടെ ഭർത്താവായി ചമഞ്ഞ യെമൻ പൗരൻ തലാൽ അബ്ദു മഹ്ദി കൊല്ലപ്പെട്ട കേസിലാണ് നിമിഷപ്രിയ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്. നിമിഷയെ മോചിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി യെമൻ ഗോത്ര നേതാക്കളുമായി ആക്ഷൻ കൗൺസിൽ പ്രതിതിനിധികളായ തമിഴ്‌നാട് സ്വദേശി സാമുവൽ ജെറോം, മലയാളികളായ ബാബു ജോൺ, സജീവ് എന്നിവർ മദ്ധ്യസ്ഥ ചർച്ച നടത്തും. യെമനിൽ ഇന്ത്യൻ എംബസി ഇല്ലാത്തതിനാൽ അയൽരാജ്യമായ ജിബൂട്ടിയിലെ ഇന്ത്യൻ എംബസി മുഖാന്തിരമാണ് നിമിഷയെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത്. കേന്ദ്ര വിദേശകാര്യ മന്ത്രാലയം എല്ലാ സഹായവും ചെയ്യുന്നുണ്ട്. എംബസി ഉദ്യോഗസ്ഥരുമായി നിമിഷ ചർച്ച ചെയ്തത് ഈ നീക്കങ്ങളുടെ ഭാഗമാണ്. ഇതോടെ ശുഭ വാർത്ത ഉടൻ ഉണ്ടാകുമെന്നാണ് സൂചന. ദയാഹർജി നൽകാനാണ് തീരുമാനം. ഇതിനൊപ്പം കുടുംബത്തിന് മോചനദ്രവ്യമായി 70 ലക്ഷം രൂപയും നൽകും.

കൊല്ലപ്പെട്ട തലാലിന്റെ ഗോത്രമായ അൽ സുവൈദി ഗോത്ര നേതാക്കളുമായാണ് ആക്ഷൻ കൗൺസിൽ പ്രതിനിധികൾ ചർച്ച നടത്തുക. കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പ് നൽകിയാൽ മാത്രമേ നിമിഷ മോചിതയാകൂ. മറ്റ് അറബ് രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി മരിച്ചയാളുടെ കുടുംബത്തിന് പുറമെ അയാളുടെ ഗോത്രവും മാപ്പ് നൽകണമെന്നാണ് യമനിലെ നിയമം. നിമിഷയെ മോചിപ്പിക്കാൻ 70 ലക്ഷം രൂപ നൽകേണ്ടി വരുമെന്നാണ് കണക്കുകൂട്ടൽ. ഗോത്ര നേതാക്കളുമായുള്ള ചർച്ചയ്ക്ക് ശേഷം തലാലിന്റെ ജേഷ്ഠനുമായി ചർച്ചകൾ നടത്താനാണ് നീക്കം

LEAVE A REPLY

Please enter your comment!
Please enter your name here