സഹോദരന്റെ മരണത്തിന്റെ ഞെട്ടൽ മാറും മുമ്പേ യുവഡോക്ടറും അപകടത്തിൽ മരിച്ചു

0
589

ചെറുതോണി: സഹോദരന് പിന്നാലെ യുവഡോക്ടറും അപടകടത്തിൽ മരിച്ചു. ഇടുക്കി പാറേമാവിലുള്ള ജില്ലാ ആയുർവേദ ആശുപത്രിയിൽ ഡോ.ജെ.ടി. ജയദേവ് (30) ആണ് ബൈക്കപകടത്തിൽ മരിച്ചത്. ഒക്ടോബർ 22-ന് ഡോക്ടറുടെ പിതൃസഹോദര പുത്രനായ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥൻ ശരത് മാടമണ്ണിൽ പമ്പാനദിയിൽ ഒഴുക്കിൽപ്പെട്ടവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഡിങ്കി മറിഞ്ഞ് മരിച്ചിരുന്നു.

സഹോദരന്റെ മരണവിവരമറിഞ്ഞ് തിരുവനന്തപുരത്ത് കാട്ടാക്കടയിലെ വീട്ടിലേക്കുപോയ ഡോ. ജയദേവൻ 29-ന് രാത്രിയാണ് ഇടുക്കിക്കു തിരിച്ചത്. തൊടുപുഴയിൽനിന്നും രാത്രി സ്വന്തം ബൈക്കിൽ ചെറുതോണിയിലെത്തിയ ഇദ്ദേഹം ഇടുക്കിയിലുള്ള സുഹൃത്തിന്റെ വീട്ടിലേക്ക് പോകുംവഴിയാണ് അപകടം. സഹോദരന്റെ വേർപാടിലുള്ള മനോവിഷമവും ഉറക്കക്ഷീണവുമാകാം അപകടത്തിന് കാരണമെന്നാണ് സംശയം. റോഡരികിലുള്ള ഇലക്ട്രിക് പോസ്റ്റിനിടയിലേക്ക് ബൈക്ക് ഇടിച്ചുകയറുകയായിരുന്നു.അപകടത്തിൽ ഡോക്ടറുടെ തല പോസ്റ്റിലിടിച്ചു. രാത്രി ഒന്നോടെയുണ്ടായ അപകടം ആരും കണ്ടിരുന്നില്ല. സ്ഥലത്ത് പട്രോളിംഗ് നടത്തിയിരുന്ന പോലീസാണ് റോഡരികിൽ അപകടത്തിൽ പെട്ടു കിടന്നിരുന്ന ഡോക്ടറെ കണ്ടത്. തുടർന്ന് ഫയർ ഫോഴ്‌സിന്റെ ആംബുലൻസിലാണ് ഡോക്ടറെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്.

നാലുവർഷം മുമ്പ് കരാറടിസ്ഥാനത്തിൽ നിയമിതനായ ഡോക്ടർ ജീവനക്കാർക്കും രോഗികൾക്കും പ്രിയങ്കരനായിരുന്നു. ഡോക്ടറുടെ മരണം ഇതുവരെ ഇവർക്ക് ഉൾക്കൊള്ളാനായിട്ടില്ല. മൃതദേഹം കാട്ടാക്കടയിലെ ലക്ഷ്മിവിലാസം വീട്ടുവളപ്പിലെത്തിച്ച് സംസ്‌കരിച്ചു. നഴ്‌സായ ഗ്രീഷ്മയാണ് ഭാര്യ. ധ്യാൻ(4), ഗൗരി(2) എന്നിവരാണ് മക്കൾ.

LEAVE A REPLY

Please enter your comment!
Please enter your name here