സ്മാർട്ടായി ഇ-സഞ്ജീവനി ടെലിമെഡിസിൻ പദ്ധതി

0
356

തിരുവനന്തപുരം: ഇ-സഞ്ജീവനി ടെലിമെഡിസിൻ പദ്ധതി വഴി വീട്ടിലിരുന്ന് ഡോക്ടറെ കാണുന്നതിനും മരുന്നുകളും ലാബ് പരിശോധനകളും സൗജന്യമായി ചെയ്യാനുമുള്ള സജ്ജീകരണം ഒരുക്കിയതായി ആരോഗ്യവകുപ്പ് അറിയിച്ചു.

സഞ്ജീവനി ടെലിമെഡിസിൻ പ്ലാറ്റ്ഫോം വഴി കിട്ടുന്ന കുറിപ്പടിയിലെ മരുന്നുകൾ തൊട്ടടുത്ത സർക്കാർ ആശുപത്രിയിൽ നിന്നും ലഭ്യമായവ സൗജന്യമായി ലഭിക്കും. ഇതോടൊപ്പം ഇ-സഞ്ജീവനി കുറിപ്പടി പ്രകാരം ആശുപത്രിയിൽ ലഭ്യമായ ലാബ് പരിശോധനകളും നടത്താവുന്നതാണ്. ഇ-സഞ്ജീവനി കുറിപ്പടികൾക്കെല്ലാം തന്നെ 24 മണിക്കൂർ മാത്രമേ സാധുതയുള്ളൂ. അതിനാൽ അന്ന് തന്നെ ആശുപത്രി സേവനം ഉപയോഗിക്കേണ്ടതാണ്.

തികച്ചും സൗജന്യമായ ഇ-സഞ്ജീവനി സേവനം ആരംഭിച്ച് കുറഞ്ഞ നാൾകൊണ്ടുതന്നെ ഇന്ത്യയിൽ മാതൃകാപരമായിരിക്കുകയാണ്. എല്ലാ ദിവസവും രാവിലെ 8 മുതൽ രാത്രി 8 മണി വരെയാണ് ജനറൽ മെഡിസിൻ ഒ.പി.യുള്ളത്. ശിശു-നവജാതശിശു വിഭാഗം ഒ.പി. തിങ്കൾ മുതൽ ശനി വരെ രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയും സൈക്യാട്രി വിഭാഗം ഒ.പി. തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയും സ്ഥിരമായി പ്രവർത്തിക്കുന്നു. കൂടുതൽ ജനങ്ങൾ സേവനം തേടിയതോടെ പതിവായുള്ള ഈ ജനറൽ ഒ.പി. സേവനങ്ങൾക്കു പുറമേ സ്പെഷ്യാലിറ്റി സേവനങ്ങളും ലഭ്യമാക്കി ഇ-സഞ്ജീവനി സേവനം വിപുലീകരിച്ചിട്ടുണ്ട്.

കേരളത്തിലെ പൊതുമേഖല ആരോഗ്യ രംഗത്തെ പ്രശസ്തമായ 30 സ്ഥാപനങ്ങൾ ഇ-സഞ്ജീവനി വഴി സൗജന്യ സേവനങ്ങൾ നൽകാനും തുടങ്ങിയിട്ടുണ്ട്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബെറ്റിക്സ് തിരുവനന്തപുരം, ഇംഹാൻസ് കോഴിക്കോട്, ആർസിസി തിരുവനന്തപുരം, കൊച്ചിൻ കാൻസർ സെന്റർ, മലബാർ കാൻസർ സെന്റർ തലശ്ശേരി തുടങ്ങിയ സ്ഥാപനങ്ങളുടെ ഒപി സേവനങ്ങൾ ഇ-സഞ്ജീവനി വഴി ലഭ്യമാണ്. കൂടാതെ മലപ്പുറം, കോഴിക്കോട് തുടങ്ങിയ ജില്ലകളിൽ നിന്നുമുള്ള സർക്കാർ മേഖലയിലെ സ്പെഷ്യാലിറ്റി ഡോക്ടർമാർ നേതൃത്വം നൽകുന്ന ഒപികളും, കൗൺസിലിങ്ങ് സേവനങ്ങളും ഇ-സഞ്ജീവനി വഴി ആരംഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here